Wednesday 17 April 2013

മഴയുടെ സംഗീതം



                                 1 
മലയുടെ അങ്ങേ ചെരുവില്‍ നിന്നും വന്ന്‍ 
മഴയൊരു പുതുമഴ പെയ്യുന്നു .
മേഘങ്ങളെ വിട്ടു മേളത്തോടെ 
മഴയൊരു പുതുമഴ പെയ്യുന്നു.
വേഴാമ്പല്‍ പക്ഷിക്ക് വരമായി വരവായി 
ചെന്നം പിന്നം പെയ്ത്  കന്നിമഴ .

നൂലു നൂലായി ഇറങ്ങി  വന്നു മഴ 
നൂറു നുറുങ്ങായി പതിക്കുന്നു 
തുള്ളിക്ക്‌ തുള്ളിയായ്  പെയ്തു മഴ 
തുള്ളിത്തുള്ളിയൊഴുകുന്നു .

നിറമൊന്നുമില്ലാതെ വന്നു മഴ 
നിറമുള്ള ചാലുകളിലൊഴുകുന്നു 
ചെഞ്ചോര വീണു തുടുത്ത മണ്ണ് 
നിറം മങ്ങി മെല്ലെത്തെളിയുന്നു .

നേര്‍ത്തൊരു കാറ്റുമായി 
നേര്‍ത്ത സംഗീതമായി 
താഴ്വരയില്‍ മഴ പെയ്യുന്നു ..
മഴ കാത്തു നിന്നൊരെന്‍ 
വീടിന്‍റെ മുറ്റത്ത് , മനസ്സിന്നിറയത്ത്
മഴയുടെ സംഗീതം കേട്ടു മയങ്ങിയ
കവിയുടെ കവിതയില്‍ മഴ പെയ്യുന്നു 
മഴയൊരു പൂമഴ പെയ്യുന്നു.
.
മണ്ണിന്നടിയിലുറങ്ങുന്ന വിത്തിനെ 
മഴ മുത്തം നല്‍കിയുണര്‍ത്തുന്നു.
നാമ്പിനു പിന്നിലും നാമ്പുണര്‍ന്നു്
നാടാകെ  പച്ചപ്പണയുന്നു.
കൂര്‍ത്ത മുനയുള്ള കല്ലുകളെ മഴ 
പുഴയുടെ തട്ടിലുരുട്ടിവിട്ടു .
പുഴയുടെ മടിയിലുരുണ്ടുരുണ്ട്,കല്ലിന്‍ 
മുനയാകെ മെല്ലെ മിനുങ്ങുന്നു .
കല്ല്‌ പൊടിഞ്ഞ്,പൊടിയടിഞ്ഞു,മഴ 
കരയാകെ പൂഴി  വിരിക്കുന്നു .
പൂഴിയില്‍ കുഞ്ഞിക്കാല്‍ വെച്ചു വെച്ചെന്‍ 
കുട്ടികളാര്‍ത്തലച്ചെത്തുന്നു,പുതു -
മഴയില്‍ തലയാകെ നനയുന്നു .
ഒറ്റക്കുടക്കീഴില്‍  നിന്ന് കൊണ്ട് 
രണ്ടു പേര്‍ മൂന്നു പേര്‍ കൂട്ടുകാരായ്
കൂട്ടത്തില്‍ ചേര്‍ന്ന്‍ ചിലച്ചു കൊണ്ട് 
മഴയൊരു കുറുമ്പനായ്‌ കൂടുന്നു .

                        2 

ചെന്നം പിന്നം  പിന്നെ പെയ്തു പെയ്തു മഴ 
അഴകൊഴപ്പെരുമഴ  പെയ്യുന്നു .
നാമ്പിനു  പിന്നിലും നാമ്പൊടിഞ്ഞു
പിന്നത്തെ മഴയിലൊലിച്ചും  പോയ്‌ .
കൂര്‍ത്ത മുനയുള്ള  കല്ലുകളെ ,മഴ
മലയുടെ  മോളീന്നുരുട്ടി വിട്ടു .
വഴിയായ വഴിയൊക്കെ കല്ല്‌ നിറഞ്ഞ,തിന്‍
മുന കൊണ്ടെന്‍ കാലടി വിള്ളുന്നു..
പനി വന്നു തുള്ളി വിറച്ചോരെന്‍  കുഞ്ഞുങ്ങള്‍ 
മൂടിപ്പുതച്ചു മയങ്ങുന്നു .
കാറ്റടിച്ചു മഴ കേറി വന്നു 
കവിയുടെ പാട്ടുകള്‍ നനക്കുന്നു .

               3 

പെയ്തു പെയ്തൊരു നാള്‍   മഴ പോകുന്നു 
വെയില് കനക്കുന്നു ,മണ്ണ് കരിയുന്നു .

എവിടെയാ പച്ചപ്പ്‌ ?
എവിടെന്‍റെ  കുട്ടികള്‍?
എവിടെന്‍റെ  കൂട്ടുകാര്‍ ?
എവിടെന്‍റെ മഴയില്‍ കുതിര്‍ന്നൊരു 
വെയിലില്‍ മൊരിഞ്ഞൊരു ഗീതങ്ങള്‍ ?
എവിടെന്‍റെ  മഴയുടെ സംഗീതം?



6 comments:

  1. കാത്തു കിടക്കുമീ വിത്തിന്റെ മാറിലേ-
    ക്കെത്തിടും മാരിപ്പളുങ്കതു സത്വരം!!

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. കൊതിയായിപ്പോയി.ഇങ്ങനെ രണ്ടു വരി എനിക്ക് വന്നില്ലല്ലോ.അഭിനന്ദനം .വായനക്ക് നന്ദി.

      Delete
  2. ഒരു പിടി സുഖമുള്ള ഓർമകളാണ് മഴയെനിക്ക് . മഴയെക്കുറിച്ച് എഴുതുന്നതെല്ലാം വായിക്കാനുമിഷ്ട്ടം .

    ReplyDelete
    Replies
    1. വായനക്ക് നന്ദി.ധാരാളം മഴ നനയാന്‍ ഭാഗ്യമുണ്ടാവട്ടെ.

      Delete
  3. എവിടെയാ പച്ചപ്പ്‌ ?
    എവിടെന്‍റെ കുട്ടികള്‍?
    എവിടെന്‍റെ കൂട്ടുകാര്‍ ?
    എവിടെന്‍റെ മഴയില്‍ കുതിര്‍ന്നൊരു
    വെയിലില്‍ മൊരിഞ്ഞൊരു ഗീതങ്ങള്‍ ?
    എവിടെന്‍റെ മഴയുടെ സംഗീതം?


    എവിടെയെന്ന ചോദ്യം അവശേഷിക്കുന്നു
    നല്ല രചന

    ReplyDelete
  4. നന്ദി,അജിത്‌. വായനയ്ക്കും പ്രോത്സാഹനത്തിനും .വീണ്ടും കാണാം .

    ReplyDelete