Monday 18 November 2013

മഴയും ഞാനും


  
                                                                 ചിത്രം  കടപ്പാട്.വൈഗ ന്യുസ് 

 മഴ വന്നു വിളിച്ചപ്പോളാണ്
അമ്മയില്‍ നിന്നും ഞാനിറങ്ങിവന്നത്.
ചിന്നിപ്പോയൊരോടിന്‍ വിടവിലൂടെ
ചിന്ന മഴത്തുള്ളി അമ്മവയറ്റില്‍ തൊട്ടത്രേ .
പിന്നന്നു  പകലും രാവും മുഴുവന്‍
ഞാനും മഴയും കൂവിത്തിമര്‍ത്തത്രേ

          2

ഒരു കുട നിറയെ മഴയുമായി
ഒന്നാം ക്ലാസ്സിലേക്കൊക്കത്തെടുത്തതും
ഒന്നുമില്ലാത്തലയായ്ത്തുലഞ്ഞൊരെന്‍
ശുഷ്ക്കജീവിതം നനച്ചു നിറച്ചതും മഴ

കരച്ചിലുകള്‍  പെയ്തു മറച്ചതും  
സന്തോഷങ്ങളില്‍ തിമിര്‍ത്തതും മഴ .
രോഷങ്ങളിലേക്കിടിയും മിന്നലും.
വിരഹപ്പൊള്ളലില്‍ അമൃതവര്‍ഷിണി.

യൌവ്വനത്തിന്റെ പാപക്കിടക്കകളില്‍
കാമക്കയങ്ങളിലേക്ക് പെയ്തൊഴിയുമ്പോള്‍
ഉമ്മറപ്പടിയിലൂരി വെച്ച ചെരുപ്പുകള്‍
കഴുകി വെച്ചതും ഈ മഴ 

             3

മഴ വന്നു വിളിച്ചപ്പോളാണ്
അമ്മയില്‍ നിന്നും ഞാനിറങ്ങിപ്പോയത്
ചിന്നിപ്പോയൊരു ബോധത്തിന്‍ വിടവിലൂടെ
കുളിരായി വന്നു മഴ വിളിച്ചു ,വരൂ
പനിക്കിടക്കയില്‍ കിടന്നു പൊള്ളാതെ
മരിച്ചവരുടെ തണുപ്പിലേക്കിറങ്ങി വരൂ.
മഴ മിഴികള്‍ പൂട്ടി ക്ഷണക്കത്ത് തന്നു
മഴയിഴകള്ക്കിടയിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നു.
നശിച്ച മഴ ,ഒടുക്കത്തെ മഴ,പണ്ടാരടങ്ങാന്‍’‌
എനിക്കുള്ള പ്രാക്കുകള്‍ മഴയെടുത്തു.
നനഞ്ഞു കുതിര്‍ന്ന  ശവമഞ്ചത്തിന്റെ
നാല് മൂലയിലും മഴ ഹാലേലുയ്യ പാടി.
പാതിയും മഴ നിറഞ്ഞ കുഴിയിലേക്കിറങ്ങുമ്പോള്‍
പതിയെ വന്നു തൊട്ടു,പഴയ മഴത്തുള്ളി
പിന്നെ പകലുകള്‍ രാവുകളെല്ലാം
ഞാനും മഴയും കൂവിത്തിമര്‍ത്തത്രേ ..


Tuesday 22 October 2013

രണ്ടു ചെറുകവിതകള്‍

ആരാകണം ?

കുഞ്ഞേ നിനക്കാരാകണം?
വലിയൊരു ആളാകണം .
വലുതാകുമ്പോള്‍ ആരാകണം?
ചെറിയൊരു കുട്ടിയാകണം.

മഴക്കുഴമ്പ്‌ 

വലയിട്ടു പിടിച്ച മഴത്തുള്ളികളെ
വെയിലത്തിട്ടുണക്കിയെടുക്കണം.
കമ്മുണിസ്റ്റ്‌ പച്ചിലച്ചാറില്‍
കുഴമ്പാക്കിയുരുട്ടിയെടുക്കണം.
കമ്പൂട്ടര്‍ വാര്‍ഡില്‍ പനിച്ചു കിടക്കും
കുഞ്ഞുണ്ണികളുടെ തലയില്‍ തേക്കണം.
പനി പിടിക്കാതെ മഴ നനയട്ടെ
പുത്തനുണ്ണികളങ്ങനെ.

Friday 18 October 2013

സുപ്രഭാതം


ചന്ദ്രനെ നോക്കി നോക്കി നടന്ന്
സൂര്യനില്‍ തട്ടി വീണു,രാത്രി.
നക്ഷത്രങ്ങള്‍ കളിയാക്കിയോടിപ്പോയി
കിളികള്‍ കൂവിയാര്‍ത്തു-സുപ്രഭാതം

Saturday 12 October 2013

അയ്യപ്പനെ വായിച്ചവര്‍ക്ക് മാത്രം



നേരം കെട്ട നേരത്ത്
മുറ്റത്തൊരു അമ്പ്‌ വന്നു വീണു
മുന വിറക്കുന്നൊരമ്പ്

മുതുകില്‍ ചോര ചിന്തി
ബുദ്ധന്‍റെ കണ്ണ് പോയ ആട്ടിന്‍കുട്ടി

നിഴല്‍ വീഴ്ത്താതൊരു മെലിഞ്ഞ രൂപം
നിരപ്പുകളില്‍ ആഴങ്ങളളന്നു നില്‍ക്കുന്നു
വള്ളിപൊട്ടിത്തുലഞ്ഞ ചെരുപ്പ്
കാലുകളില്‍ കലഹിക്കുന്നു

ഹൃദയത്തില്‍
ആചാരവെടിയുടെ തുളകള്‍
നെഞ്ചില്‍
സര്‍ക്കാര്‍ റീത്തിന്‍റെ വ്രണങ്ങള്‍

ജലവും മൂത്രവും
ഒരു പോലെ കണ്ട കണ്‍കളില്‍
പുരസ്ക്കാരനിന്ദകളുടെ പീളക്കെട്ടു

കുപ്പായക്കൈക്കീശയില്‍ നിന്ന്‍
കറുത്തൊരു പൂവ് നീട്ടുന്നു
-ഇതെന്‍റെ ശവപ്പെട്ടി
ചുമക്കാനുള്ള പാസ് 

Tuesday 1 October 2013

പാവം മഴ


 മഴ
രതിസുഖം നിഷേധിക്കപ്പെട്ടൊരു
ദേവനാണ്
സ്ഖലനം പോലെ പെയ്തിറങ്ങുമ്പോഴും
രതി തീര്‍ച്ചയറിയാതെ ശേ ശേ തേങ്ങും
മഴയുടെ ഇക്കിളിപ്പെടുത്തലില്‍
പച്ചിലക്കൌമാരങ്ങള്‍ പുളഞ്ഞു നനയും
മഴത്തുള്ളികളപ്പോഴും
താഴേക്കൂര്‍ന്നു വീണു
മണ്ണില്‍ തലതല്ലിക്കരയും.
ആദ്യരാത്രി മുറികളില്‍ ,മഴ
പുരപ്പുറത്തു കയറി അലമുറയിടും.
മറവിലിരുന്നു പുണരും കമിതാക്കളെ
മഴ ഓടിച്ചെന്നു നനയ്ക്കും.
കുടയില്‍ മറയും സൌന്ദര്യത്തിന്റെ
കൂടെക്കൂടി ശറുപിറെ പയ്യാരം പെയ്യും.
കത്തുന്ന മേട വെയിലില്‍
കാമനകളെ ചൂടുപിടിപ്പിക്കും.
കാമം കുമിഞ്ഞു കൂടുമ്പോള്‍,മഴ
കര്‍ക്കിടത്തില്‍ കരഞ്ഞു തീര്‍ക്കും.
കന്നിയിലെ ശുനകക്രീഢകളോര്‍ത്തു
ചിങ്ങത്തിലേ നാണിച്ചു ചാറും.
തന്നെത്തന്നെ ശപിച്ചു ശപിച്ച്,പിന്നെ 
തുലാത്തില്‍ ആര്‍ത്തലച്ചു കരയും. .
കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റും.
പാവം മഴ .

കുട വേണ്ട നമുക്കിനി മഴയത്ത്
കൂടെക്കൂടി കരഞ്ഞോട്ടെ മഴ
ഇഴുകി തഴുകി കരഞ്ഞു പൊയ്ക്കോട്ടെ
പാവം മഴ .

Saturday 14 September 2013

'അത്യാസന്ന മുറി'യിലെ രോഗികള്‍


‘അത്യാസന്ന’ മുറിയുടെ
അകത്തേക്കും പുറത്തേക്കും പോകുന്നത്
ആത്മാക്കളാണ്.
കേടു പറ്റിയ ശരീരങ്ങളുമായി
കോട്ടം തീര്‍ക്കാന്‍ വരും ആത്മാക്കള്‍.
ശരീരങ്ങളില്‍ ചിലതെല്ലാം
ശരിയാക്കി ആത്മാക്കള്‍ മടങ്ങും.
തീരെ ശരിയല്ലാത്ത ദേഹങ്ങളുണ്ട്.
വെന്റിലേട്ടരിലിട്ടാലും
എത്ര ചികിത്സിച്ചാലും
തീരെ ശരിയാവാത്ത ശരീരങ്ങള്‍.
അവയെ ഉപേക്ഷിച്ച് 
ആത്മാക്കള്‍ മടങ്ങും,
അകത്തും പുറത്തും ചീയുന്ന
ജീവിതങ്ങള്‍ക്കിടയിലൂടെ. 

Thursday 9 May 2013

ഒരു പെണ്‍കുട്ടി കരയുന്നു


 എടുത്തു കൊള്ളൂ
നിങ്ങളെടുത്തു കൊള്ളൂ.
കൂര്‍ത്തുയര്‍ന്ന മുലകള്‍ രണ്ടും
മുറിച്ചെടുത്ത് കൊള്ളൂ.
കൊണ്ടുപോയ് വെച്ചോളൂ
കിടപ്പറയിലോ കുളിമുറിയിലോ
ചെയ്തു കൊള്ളുക -
ഞെക്കുകയോ,ഞെരിക്കുകയോ
ബാക്കിവെക്കുക,
ഇത്തിരി മുലക്കണ്ണും മുലപ്പാലും
എന്നുണ്ണികള്‍ക്ക് സ്നേഹനീര് നല്കാന്‍

പറിച്ചെടുത്തോളൂ
തൊണ്ടിപ്പഴ ചുണ്ടുകള്‍ രണ്ടും
ബാക്കിവെക്കൂ,
ഒരു ചുംബനച്ചീളെങ്കിലും
പ്രിയനാദ്യ സ്നേഹമുദ്ര ചാര്‍ത്താന്‍

തുടകളില്‍,നിതംബത്തില്‍
 മാംസം അതീവ മൃദുലം
പാകം പോലെ ഉരിഞ്ഞെടുതോളൂ
അല്പം തുടുപ്പും മിനുപ്പും-
ബാക്കി വെക്കുക.
എന്നുണ്ണികള്‍ക്ക് തലവെച്ചുറങ്ങാന്‍


മദം തീരും വരെ മെതിച്ചോളൂ
യോനീമുദ്രയുടെ പൂട്ടുകള്‍
ഒരു നൂലിടച്ചാല് തകര്‍ക്കാതെ വിടുക
എന്നുണ്ണികള്‍ക്ക് ഉയിരിലേക്കൂര്‍ന്നിറങ്ങാന്‍

നാറുന്ന നഗ്നത പൊതിഞ്ഞെടുത്തു
പോകുമ്പോള്‍ കേള്‍ക്കുക
സഹോദരെനെന്നൊരു വിളി
മകളെന്നൊരു വിളി കേള്‍ക്കല്‍
ഒരു ഓമനത്തിങ്കള്‍ കിടാവോ..
ഓര്‍ക്കുക
എന്‍റെ തോര്‍ന്ന്‍ തീരാത്ത കണ്ണീര്‍
നിനക്ക് നഷ്ട്ടപ്പെട്ട സ്നേഹപ്പെയ്ത്താണ്‌

Wednesday 17 April 2013

മഴയുടെ സംഗീതം



                                 1 
മലയുടെ അങ്ങേ ചെരുവില്‍ നിന്നും വന്ന്‍ 
മഴയൊരു പുതുമഴ പെയ്യുന്നു .
മേഘങ്ങളെ വിട്ടു മേളത്തോടെ 
മഴയൊരു പുതുമഴ പെയ്യുന്നു.
വേഴാമ്പല്‍ പക്ഷിക്ക് വരമായി വരവായി 
ചെന്നം പിന്നം പെയ്ത്  കന്നിമഴ .

നൂലു നൂലായി ഇറങ്ങി  വന്നു മഴ 
നൂറു നുറുങ്ങായി പതിക്കുന്നു 
തുള്ളിക്ക്‌ തുള്ളിയായ്  പെയ്തു മഴ 
തുള്ളിത്തുള്ളിയൊഴുകുന്നു .

നിറമൊന്നുമില്ലാതെ വന്നു മഴ 
നിറമുള്ള ചാലുകളിലൊഴുകുന്നു 
ചെഞ്ചോര വീണു തുടുത്ത മണ്ണ് 
നിറം മങ്ങി മെല്ലെത്തെളിയുന്നു .

നേര്‍ത്തൊരു കാറ്റുമായി 
നേര്‍ത്ത സംഗീതമായി 
താഴ്വരയില്‍ മഴ പെയ്യുന്നു ..
മഴ കാത്തു നിന്നൊരെന്‍ 
വീടിന്‍റെ മുറ്റത്ത് , മനസ്സിന്നിറയത്ത്
മഴയുടെ സംഗീതം കേട്ടു മയങ്ങിയ
കവിയുടെ കവിതയില്‍ മഴ പെയ്യുന്നു 
മഴയൊരു പൂമഴ പെയ്യുന്നു.
.
മണ്ണിന്നടിയിലുറങ്ങുന്ന വിത്തിനെ 
മഴ മുത്തം നല്‍കിയുണര്‍ത്തുന്നു.
നാമ്പിനു പിന്നിലും നാമ്പുണര്‍ന്നു്
നാടാകെ  പച്ചപ്പണയുന്നു.
കൂര്‍ത്ത മുനയുള്ള കല്ലുകളെ മഴ 
പുഴയുടെ തട്ടിലുരുട്ടിവിട്ടു .
പുഴയുടെ മടിയിലുരുണ്ടുരുണ്ട്,കല്ലിന്‍ 
മുനയാകെ മെല്ലെ മിനുങ്ങുന്നു .
കല്ല്‌ പൊടിഞ്ഞ്,പൊടിയടിഞ്ഞു,മഴ 
കരയാകെ പൂഴി  വിരിക്കുന്നു .
പൂഴിയില്‍ കുഞ്ഞിക്കാല്‍ വെച്ചു വെച്ചെന്‍ 
കുട്ടികളാര്‍ത്തലച്ചെത്തുന്നു,പുതു -
മഴയില്‍ തലയാകെ നനയുന്നു .
ഒറ്റക്കുടക്കീഴില്‍  നിന്ന് കൊണ്ട് 
രണ്ടു പേര്‍ മൂന്നു പേര്‍ കൂട്ടുകാരായ്
കൂട്ടത്തില്‍ ചേര്‍ന്ന്‍ ചിലച്ചു കൊണ്ട് 
മഴയൊരു കുറുമ്പനായ്‌ കൂടുന്നു .

                        2 

ചെന്നം പിന്നം  പിന്നെ പെയ്തു പെയ്തു മഴ 
അഴകൊഴപ്പെരുമഴ  പെയ്യുന്നു .
നാമ്പിനു  പിന്നിലും നാമ്പൊടിഞ്ഞു
പിന്നത്തെ മഴയിലൊലിച്ചും  പോയ്‌ .
കൂര്‍ത്ത മുനയുള്ള  കല്ലുകളെ ,മഴ
മലയുടെ  മോളീന്നുരുട്ടി വിട്ടു .
വഴിയായ വഴിയൊക്കെ കല്ല്‌ നിറഞ്ഞ,തിന്‍
മുന കൊണ്ടെന്‍ കാലടി വിള്ളുന്നു..
പനി വന്നു തുള്ളി വിറച്ചോരെന്‍  കുഞ്ഞുങ്ങള്‍ 
മൂടിപ്പുതച്ചു മയങ്ങുന്നു .
കാറ്റടിച്ചു മഴ കേറി വന്നു 
കവിയുടെ പാട്ടുകള്‍ നനക്കുന്നു .

               3 

പെയ്തു പെയ്തൊരു നാള്‍   മഴ പോകുന്നു 
വെയില് കനക്കുന്നു ,മണ്ണ് കരിയുന്നു .

എവിടെയാ പച്ചപ്പ്‌ ?
എവിടെന്‍റെ  കുട്ടികള്‍?
എവിടെന്‍റെ  കൂട്ടുകാര്‍ ?
എവിടെന്‍റെ മഴയില്‍ കുതിര്‍ന്നൊരു 
വെയിലില്‍ മൊരിഞ്ഞൊരു ഗീതങ്ങള്‍ ?
എവിടെന്‍റെ  മഴയുടെ സംഗീതം?



Sunday 7 April 2013

ഒസ്യത്ത്

                     1
മരിച്ചു  കഴിഞ്ഞാലെന്നെ
കുളിപ്പിച്ചു  കിടത്തരുത്
ദേഹത്തിന്‍റെ  എല്ലാ  അശുദ്ധികളുമായി
എനിക്ക്  തിരിച്ചു പോകണം

നല്ല വാക്കുകള്‍  കൊണ്ടെന്നെ
പുണ്ണ്യപ്പെടുത്തരുത്
മനസ്സിലെ എല്ലാ മാലിന്യങ്ങളുമായി
എനിക്ക് തിരിച്ചു പോകണം

പൂക്കളും തിരികളും വെച്ചെന്നെ
വികൃതമാക്കരുത്
പ്രാര്‍ത്ഥനകള്‍ ചൊല്ലിയെന്നെ
പ്രാകിപ്പകപോക്കരുത്

ചിരട്ടച്ചീളും ചാണകവരളിയും  വെച്ച്
പുകച്ച വഹേളിക്കരുത്
പുകഞ്ഞു തീര്‍ന്നോരീ മോഹക്കൊട്ടിലില്‍
പൂച്ചൊന്നുമില്ലിനി പുറത്തു ചാടാന്‍

മണ്ണിന്നടിയിലെന്നെ തള്ളിക്കളയരുത്
മണ്ണിന്‍റെ മനം മടുത്തവന്‍ ഞാന്‍

കുടിയിറങ്ങിപ്പോകുന്ന  അക്ഷരങ്ങളെ
തടുത്തുകൂട്ടിയെടുക്കുക
പൊട്ടക്കവിതകള്‍  ഒന്നോ രണ്ടോ
തട്ടിക്കൂട്ടിയെടുക്കാം പിന്നെ

                       2
തീര്‍ന്നു  പോകുന്നിടത്തെന്നെ
തിരസ്ക്കരിച്ചു പോകുക
കോടിമുണ്ട് കൊണ്ട് മൂടരുത്
വേണ്ടവര്‍ വേണ്ടതെടുത്തു പോട്ടെ

കാഴ്ച  മടുത്തവര്‍ക്കും
കണ്ണീര്‍ വറ്റിയവര്‍ക്കും
കരുതി വെച്ചതീ  കണ്ണുകള്‍

കാതില്‍ ഇയ്യം തിളച്ചവര്‍ക്ക്
കഴുകി സൂക്ഷിച്ച  കര്‍ണപുടങ്ങള്‍

പ്രണയം പൊലിഞ്ഞ കാമുകന്
നിണം  വാര്‍ന്നൊരെന്‍ ഹൃദയം

ശപിക്കപ്പെട്ട ചിന്തകള്‍ക്കായി
ശുഷ്ക്കിച്ച  കരിന്തലച്ചോറ്

ആയുസ്സളന്നെടുക്കുന്ന വമാനര്‍ക്ക്
ആയം തീര്‍ന്നൊരീ  കാലുകള്‍

മൃഗീയ പുരുഷമുദ്ര ,പരുഷ
ഭോഗാസക്തനു  സ്വന്തം

                      3
തീര്‍ന്നു  പോയതില്‍  ബാക്കി
തിരസ്കരിച്ചു പോകുക
തലക്കലൊരു  കല്ലിലെഴുതുക -
ഇവന്‍ ശപിക്കപ്പെട്ടവന്‍
കവിയെന്നഹങ്കാരം
അക്ഷരങ്ങളെ സ്വൈര്യം കെടുത്തിയതിന്
വാക്കുകളുടെ  കുത്തേറ്റു  മരിച്ചവന്‍

Friday 29 March 2013

എന്‍റെ പാവം ദൈവം


അത്യുന്നതങ്ങളില്‍ നിന്നും ഇറങ്ങിവന്നതുകൊണ്ട് 
ദൈവത്തിന്‍റെ തല പൊട്ടി ചോര പൊടിഞ്ഞിരുന്നു .

ഇടനെഞ്ചിലെ മുറിയുന്ന വേദന
ഇടങ്കയ്യിനാല്‍ മറച്ചു പിടിച്ചിരുന്നു.

പിതാവ് ഏറ്റു വാങ്ങാതെ പോയ പാനപാത്രം 
വലങ്കയ്യില്‍ അപ്പോഴും തൂങ്ങിക്കിടന്നു.

നിലത്തുറക്കാത്ത പാദങ്ങളില്‍,നിറയെ 
പഴുതുകളില്‍ നുരക്കും പുഴുക്കള്‍ .

ഉറക്കമാണോ,ഉണര്‍ച്ചയാണോ 
ഉയിര്‍ത്തെഴുന്നേല്പ്പാണോ  എന്നറിയാതെ 
ആകെക്കുഴങ്ങി 
ഇലിഭ്യച്ചിരിയുമായി ദൈവം.

എന്‍റെ പാവം ദൈവം!

Saturday 23 March 2013

വേദനയുടെ വലിയ പെരുന്നാള്‍

തലവേദനയുടെ ദിനങ്ങള്‍
അനുപമം അതിഗംഭീരം
അതിവേദനയുടെ ശതശരപതനം
അരമരണ സഹനം,കദനം.
വലിയ വേദനപ്പെരുന്നാളിന്‍റെ
വന്യ വിശുദ്ധ ആഘോഷങ്ങള്‍. .
കോശങ്ങളില്‍ തുടിച്ച്
കലകളില്‍ നിറഞ്ഞ്
ഞരമ്പുകളിലൂടെ മദിച്ച്
തലവരകള്‍ പിടിച്ചുവലിച്ച്
നാഡികള്‍ ചവിട്ടി മെതിച്ച്
തലച്ചോറിന്‍റെ പകുതിയില്‍
കറുത്ത കൊടി കുത്തി
കരിങ്കുട്ടിത്തോറ്റം,കൊടിഞ്ഞി.

തുടങ്ങുന്നൂ കാര്യവിചാരം
സ്വാന്തനങ്ങള്‍
കാര്യങ്ങള്‍,കാരണങ്ങള്‍
വെറും നേരമ്പോക്കുകള്‍ !
വെയിലത്ത് നടന്നിട്ടാണ്
വൈകിയ നേരത്ത് കിടന്നിട്ടാണ്
വെറുക്കേണ്ട ചോക്ലേറ്റ് തിന്നിട്ടാണ്
വെറുതെ തല പുകച്ചിട്ടാണ് .
ഒച്ച വെക്കാതെ ,കുട്ടികളെപ്പോലെ
ഒന്ന് കിടക്കൂ,വേഗം മാറട്ടെ .

അനന്തരം യുദ്ധം ഘോരഘോരം
ലേപനങ്ങള്‍,ഗുളികകള്‍
ക്ഷുദ്ര പ്രയോഗങ്ങള്‍ .
ആസ്പിരിന്‍ ബ്രുഫെന്‍ വോവേരാന്‍
വായിലൂടെ ,പല വഴികളിലൂടെ .
ഒടുവില്‍ നാവികപ്പടയുടെ ഇരച്ചുകയറ്റം
ഞരമ്പുകളിലൂടെ,കൊടിയിറക്കിക്കൊടിഞ്ഞി .


പീഡാനുഭവത്തില്‍ തളര്‍ന്നൊരീ ഞാന്‍ -
പട ഭയക്കും പടയാളിയോ?
പട തകര്‍ത്ത പടനിലമോ?
------------------------------------------------------------
കൊടിഞ്ഞി=കൊടിഞ്ഞിക്കുത്ത്=മൈഗ്രൈന്‍

Thursday 14 March 2013

എന്നുണ്ണിക്കവിതകള്‍

ഗോളി 

കളിക്കളത്തിലെ ഗോളി 
ഇട്ടാവട്ടത്തിലെ കോമാളി .
കോമാളിയുടെ വീഴ്ച്ചകള്‍----,
കളിജയത്തിന്‍റെ കണക്കുകള്‍ .

വാര്‍ദ്ധക്ക്യം

തിരിഞ്ഞു  കിടക്കുന്നോരിണ,
അകലെ കടക്കുന്ന മക്കള്‍,
വലയുന്ന ദേഹം,തളരുന്ന മനം 
തലയില്‍ ഓര്‍മ്മകളുടെ കനം 
നഷ്ടക്കിനാക്കളുടെ ആധിക്ക്യം
അതാണ് സഖേ, വര്‍ദ്ധക്ക്യം .

ചിന്ത 

എന്‍റെ ചത്ത കണ്ണുകള്‍ 
ഒന്നും കാണുന്നില്ല .
എന്‍റെ നശിച്ച തല 
കാണാത്തതു മാത്രം ചിന്തിക്കുന്നു .

Sunday 10 March 2013

അവസ്ഥാന്തരങ്ങള്‍


എല്ലാവര്‍ക്കും മുന്നിലോടുമ്പോള്‍----
എനിക്ക് പേടിയാവുന്നു.
അവരെന്നെത്തേടിയെത്തുന്നു.

എല്ലാവര്‍ക്കും പിന്നിലാവുമ്പോള്‍-
എനിക്ക് പേടിയാവുന്നു ,
അവരെന്നെ വിട്ടോടിപ്പോകുന്നു,
ഞാനൊറ്റക്കാവുന്നു.

അവര്‍ക്കിടയിലാവുമ്പോള്‍-
അപ്പോഴും  എനിക്ക് പേടിയാവുന്നു.
അവരെന്നെ വളയുന്നു.

Tuesday 5 March 2013

ഇന്ന് വിവാഹവാര്‍ഷികം


ഇന്ന് വിവാഹവാര്‍ഷികം
ഇന്നെന്താണ് നമുക്കാഘോഷിക്കാന്‍
വര്‍ഷങ്ങള്‍ക്കപ്പുറം നഷ്ടപ്പെട്ട പ്രണയമോ ?
വര്‍ഷംതോറും വിജയിപ്പിച്ചെടുക്കുന്ന ദാമ്പത്യമോ?

ഇന്ന്‍ നമ്മുടെ വിവാഹവാര്‍ഷികം
ഇന്നെന്താണ് നമുക്കോര്‍ത്തെടുക്കാന്‍?
കാമ്പസ്സിലെ പൂനിലാവ്‌ ?മെയ്‌ മാസപ്പൂമരം?
കഴിഞ്ഞാണ്ടിലെ കാരണമില്ലാത്തോരടിപ്പൂരം?

പ്രിയേ, നമുക്ക് ഈ വിവാഹക്കൂട് തകര്‍ക്കാം
പ്രണയക്കിളികളായി പാടിത്തകര്‍ക്കാം.
സ്നേഹത്തിമിര്‍പ്പിന്റെ അക്ഷരത്തെറ്റിനാല്‍
സാധിച്ചെടുക്കാം പുത്തന്‍ പ്രണയക്കുറിപ്പുകള്‍.

പ്രണയമണമൂറുന്ന ലോലാക്ഷരങ്ങളാല്‍
പരസ്പരമോരോന്നു കുത്തിക്കുറിക്കാം .
പ്രണയിച്ചു പ്രണയിച്ചു പിന്നേം മടുക്കുമ്പോള്‍
പരസ്പരം വെറുതെ കൊത്തിപ്പറിക്കാം.

Friday 1 March 2013

ഓ, ഒരു ജീവിതം!



നിങ്ങളൊക്കെ പറയുന്നു
ജീവിതം ഭയങ്കര സംഭവാന്ന്‍
എന്തോ ഗംഭീര ക്ണാപ്പാന്ന്‍
ഓ ഒരു ക്ണാപ്പ് ജീവിതം !

ദില്ലിയിലെ ഏതെങ്കിലും പാട്ട ബസ്സില്‍
ഊരിപ്പോകുന്ന വെറും കോപ്പ് .
ഉത്തരേന്ത്യന്‍  തെരുവുകളില്‍
തണുത്തുറക്കുന്ന ഒരു മിടിപ്പ്.

ഗുജറാത്തിലെ പോലീസ് സ്റ്റേഷനില്‍
മറുപടിയാകാതെ നിലയ്ക്കുന്ന ഒരുത്തരം .
ആകാശത്തേക്കുള്ള വെടിവെപ്പില്‍
ചിതറിപ്പോകുന്നൊരു വിപ്ലവത്തല.

കേരളത്തില്‍ വയനാടന്‍ മരക്കൊമ്പില്‍
തൂങ്ങി നിവരുന്ന കൃഷിത്തോറ്റം .
പേരൂര്‍ക്കടയിലെ മനോരോഗത്തറയില്‍
നരബലിയാകുന്നൊരു അമ്മായനം.

ഇങ്ങനെയൊക്കെ മാത്രമീ ജീവിതം
ഇത്രയൊക്കെ മാത്രമീ ജീവിതം .
എന്നിട്ടും നിങ്ങള്‍ പറയുന്നു
ജീവിതം എന്തോ ക്ണാപ്പാന്ന്‍ .

ഓ ,ഒരു ജീവിതം .പ്ഫൂ!!

Thursday 28 February 2013

പ്രായം?


 ഇന്നലെ ഒരു ബാപ്പി ലാഹിരി  പാട്ടിനൊപ്പം
ചുവടുവെച്ചപ്പോള്‍, മകള്‍ ഓര്‍മ്മപ്പെടുത്തി-
അച്ഛാ ,അച്ഛന് പ്രായമായി
ഇങ്ങനെ തുള്ളിക്കളിക്കരുത്

മകന്റെ ക്ലാസ്സിലെ സുന്ദരിക്കുട്ടിയുടെ
പേര് മറന്നപ്പോള്‍ ,മകന്‍ കളിയാക്കി-
അച്ഛാ ,അച്ഛന് പ്രായമായി
അവളുടെ പേര് പോലും മറന്നു.

കുട്ടികള്‍ പറഞ്ഞത് ശരിയാണ് .
എനിക്ക് പ്രായമായിരിക്കുന്നു.
അപ്പോള്‍ പ്രായം?
ജനനത്തില്‍ നിന്നുള്ള അകലമോ?
മരണത്തിലേക്കുള്ള അടുപ്പമോ?

Tuesday 26 February 2013

മനസ്സ് കൊണ്ടൊരു രാജി


മനസക്ഷിയോടൊന്നു രാജിയവാന്‍
മനസ്സ് കൊണ്ട് ഞാന്‍ രാജിവെക്കുന്നു.
മനസ്സില്‍ നിന്ന്‌,മനക്കോട്ടകളില്‍ നിന്ന്‍
മറഞ്ഞു പോകാത്ത മടുപ്പുകളില്‍നിന്ന്‍.

സ്വാസ്ഥ്യത്തിന്‍റെ നങ്ക്കൂരം നഷ്ടപ്പെട്ട
കൊടി കീറിയ കപ്പലാണ് ഞാന്‍..
എവിടെയാണെന്‍റെ മഞ്ഞുമല?
എവിടെയാണെന്‍റെ  കൊമ്പന്‍ സ്രാവ്?

ഇങ്ങനെയൊന്നും എഴുതരുത്,അറം പറ്റും .
ജീവിച്ചിരിക്കുന്ന അമ്മ പറയുന്നു.
എങ്ങനെയെങ്കിലും എഴുതൂ ,ജന്മം തുടരൂ.
മരിച്ചു പോയ അച്ഛന്‍ പറയുന്നു.

ആത്മഹത്യാ കുറിപ്പിലേക്കുള്ള
ആദ്യ വരികള്‍ മിനുക്കുകയാണ് ഞാന്‍
അതെഴുതിക്കഴിഞ്ഞു വേണം
അവസാന മിനുക്കുകള്‍ മായ്ക്കാന്‍..

Monday 25 February 2013

2013ലെ ജനുവരി പിറക്കുന്നത്‌


പതിമൂന്നിലെ ജനുവരി പിറന്നത്‌ 
ക്വഷാലിടിയിലെ അവസാന ബെഡിലാണ്.
പന്ത്രണ്ടിലെ അവസാന പന്ത്രണ്ടടിക്കുമ്പോള്‍
അവസാനക്കിടക്കയില്‍ ഒരു അത്യാസന്ന രോഗി .
(അതോ ആദ്യത്തെ കിടക്കയോ ?
തല തിരിഞ്ഞവന് എന്ത് ആദ്യം,അന്തം,കുന്തം)

തൊണ്ടയിലേക്ക്‌ ടുബിരങ്ങുന്ന തിന്‍ മുന്‍പ്‌ 
അയാളൂരിവിട്ട മലമൂത്രപ്രകമ്പനങ്ങള്‍
അവസാന കിടക്കയിലെ മാദക മലക്കൂമ്പാരം
പരിമളം,പെരുംനാറ്റം .

പെരും നാറ്റത്തിലേക്ക് പെറ്റ് എറിയപ്പെട്ട
എന്‍റെ പതിമൂന്നിലെ ജനുവരി.
പെരും നാറിക്ക് ചേര്‍ന്ന
വരും വര്‍ഷപ്പുലരി.

Sunday 24 February 2013

അരുത്,ആരും അകത്തു കടക്കരുത്


ഞാനിന്ന്
കല്ലുകള്‍ ശേഖരിക്കുകയാണ്.
മിനിമിനുത്ത മാര്‍ബിളുകള്‍
മുന കൂര്‍ത്ത കരിങ്കല്‍ ചില്ലുകള്‍
വെളുവെളുത്ത വെള്ളാരങ്കല്ലുകള്‍
എല്ലാ തരം കല്ലുകളും
ഞാന്‍ ശേഖരിക്കുന്നു.

കല്ലിനുമേല്‍ കല്ലുവെച്ച്‌
ഞാനൊരു കോട്ട പണിയും
കാലിനുമേല്‍ കാലു വെച്ചു
അതിന്‍റെ കൊത്തളങ്ങളില്‍
ഞാനിരിക്കും .

കോട്ടയിലേക്ക് പ്രവേശനം
എനിക്ക് മാത്രം
എന്‍റെ പ്രവേശനത്തിനുശേഷം
കോട്ടയ്ക്കു കതകുകളില്ല.
പ്രവേശനത്തിന് ശ്രമിക്കുന്നവര്‍
കോട്ടവതില്‍ക്കല്‍ കാവല്‍ക്കാരായി
ശിക്ഷിക്കപ്പെടും.

എന്‍റെ ഭ്രാന്തും കവിതയും കേട്ട്
നിങ്ങള്‍ക്ക് നൊമ്പരപ്പെടെണ്ടിവരും
എന്‍റെ ദുസ്വപ്നങ്ങളില്‍
നിങ്ങള്‍ക്കിരുന്നു കരയേണ്ടിവരും.

പൂര്‍ണ ഗര്‍ഭാവസ്ഥയില്‍
എന്‍റെ ചിന്തകള്‍ അലസുന്നതും
നിറഞ്ഞ വസന്തത്തില്‍
എന്‍റെ പൂക്കള്‍ കൊഴിയുന്നതും
നിങ്ങളെ വേദനിപ്പിക്കും .

അവസാനം
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും
മൂര്ധന്യാവസ്ഥയില്‍
കോട്ടയുടെ ഉത്തരങ്ങളില്‍,ഞാന്‍
നൂറു നൂറു ശവങ്ങളായി കിടന്നാടുന്നതു
നിങ്ങള്‍ക്ക് കാണേണ്ടി വരും

അത് കൊണ്ട് ,അരുത്
ആരും അകത്തു കടക്കരുത്.

Friday 22 February 2013

സഖാവേ,അവരെ നമുക്കടിക്കാം


ചുണയുള്ള പത്തു പെണ്‍കുട്ടികള്‍  ബസന്തിന്റെ ഒരു കരണം
പിടിച്ചുവെച്ച്‌ മറ്റേ കരണത്ത് വേണ്ടത് ചെയ്യണം .
                          -സഖാവ് വി.എസ്

സഖാവെ, നമുക്ക് ചുണക്കുട്ടികളെവിടെ?
ബസന്തുക്കളുടെയും അസത്തുക്കളുടെയും കരണത്തടിക്കാന്‍
ചുണയുള്ള പെണ്‍കുട്ടികളെവിടെ ?

വെളുത്ത ഖദരന്മാരും കറുത്ത ഗൌണന്മാരും
നമ്മുടെ കുട്ടികളെ ബാലവേശ്യകളാക്കി പിണ്ഡം വെച്ചു.
ചുണ മൂത്തവരെ ജമീലയും വിമോചനക്കാരും
കന്യാമേരിമാരാക്കി രൂപക്കൂട്ടിലടച്ചു.
സിലിണ്ടറുകളില്‍,കയര്‍ക്കുരുക്കില്‍ ,ഇ-വലകളില്‍
ഒലിച്ചു തീര്‍ന്ന ചുനകള്‍ പിന്നേയും.


അതിമിടുക്കികള്‍ രാഷ്ട്രീയ കിളിക്കൂടുകളില്‍
അഴിമതി മുട്ടകള്‍ക്ക് അടയിരുന്നു രസിച്ചു.
ചുണയും മണവും ചോര്‍ന്ന ദാമ്പത്യങ്ങള്‍
അച്ഛനും അമ്മയും കളിച്ചു ഫ്ലാറ്റായി ,ചാനലുകളില്‍.... .

തിരുമേനിമാരും തിരുസഭയും ദൈവവിളി കെട്ടവരും
പെണ്കുഞ്ഞാടുകളെ വെള്ളയുടുപ്പിടുവിച്ചു
അണലികളും അഭയകളുമാക്കി ഒടുക്കി.

ബാക്കി വന്ന കുറച്ചു ചുണച്ചികള്‍
ബിക്കിനിയിട്ട് ഡല്‍ഹിക്ക് പോയി,
സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ .

അതുകൊണ്ട് സഖാവേ,
ഈ കയ്യാങ്കളി  നമുക്കേറ്റെടുക്കാം 
ചുരുട്ടിയ മുഷ്ടി പരത്തിയടിക്കാം
ബസന്തുക്കളുടെയും അസത്തുക്കളുടെയും കരണത്ത്. 

Thursday 21 February 2013

മ സോ രാ ഗാന്ധികളും ഇന്ത്യന്‍ ജനാധിപത്യവും

ഇറ്റലിയിലൂടെ ഒരു യാത്രയിലായിരുന്നു  ഞങ്ങള്‍..
ഞാനും എന്‍റെ സുഹൃത്തും.
ബാര്‍ബെരിനി സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി  ചെറിയതും പ്രശസ്തവുമായ
ജലധാരകള്‍ കണ്ടു നടക്കുന്നതിനിടയിലാണ്  അന്റൊനിണോ സന
എന്ന ഇറ്റലിക്കാരന്‍  സായ്പ്‌  കൂട്ടുകൂടിയത്.
ഇന്ത്യയേയും ഇന്ത്യക്കാരെയും മൂപ്പര്‍ക്ക് പെരുത്ത് ഇഷ്ടം.
മഹാത്മാഗാന്ധിയും  അതിലും വലിയ മാഡം ഗാന്ധിയും
യുവഭാരതത്തിന്റെ 3D ലോഗോ ആയ രാഹുല്‍ ഗാന്ധിയും പരിചയക്കാര്‍ .

"നിങ്ങളുടെ  ഇന്ത്യയാണല്ലോ ലോകത്തിലെ ഏറ്റവും
വലിയ ജനാധിപത്ത്യ  രാ .....,"

എന്‍റെ സുഹൃത്തിന്‍റെ, താടി നിറഞ്ഞ മുഖത്തെ കത്തുന്ന കണ്ണുകള്‍
 ഞാന്‍ കണ്ടു.

"നിര്‍ത്തെടോ,ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് എന്‍റെ രാജ്യത്തെ
അപമാനിക്കരുത്" .

Wednesday 20 February 2013

എന്‍റെ കവിത



ഉള്ളിനുള്ളം ചുട്ടുപൊള്ളുമ്പോള്‍
കനല് കാഞ്ഞു കവിതയാകുന്നു .
ഉള്ളിനുള്ളം തണുത്തുറയുമ്പോള്‍
കവിത വന്നു കനല് ചൊരിയുന്നു.

ഉണര്‍ന്നിരിക്കുക

ഇന്ന് കണ്ണടക്കുകയും
നാളെ ഉറങ്ങുകയും
മറ്റെന്നാള്‍ മരിക്കുകയും  ചെയ്യുന്ന നമ്മള്‍ !

പിന്നെന്തിനാണ്
ഇന്നലെ വരെ ഉണര്‍ന്നിരുന്നത്?